Friday, October 25, 2013

Range Rover Sport 2014

 സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കുലമഹിമയുടെ വിളംബരങ്ങളാണ് ലാന്‍ഡ് റോവറിന്റെയും ജാഗ്വാറിന്റെയും മോഡലുകള്‍. ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരങ്ങളില്‍ ഈ കമ്പനികളുടെ കാറുകള്‍ക്കും സ്വന്തമായ ഇടമുണ്ട്. പക്ഷെ കാലം നല്‍കുന്ന തിരിച്ചടി എന്നല്ലാതെ എന്തു പറയാന്‍! ഒരിക്കല്‍ തങ്ങള്‍ അടക്കിവാണ ഇന്ത്യ എന്ന ദരിദ്രരാജ്യത്തിലെ ഒരു കമ്പനി ഈ അഹങ്കാരങ്ങളെ സ്വന്തമാക്കുന്നത് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നു ബ്രിട്ടീഷുകാര്‍ക്ക്. 
 ടാറ്റാ മോട്ടോഴ്‌സ് എന്ന കമ്പനിയാണ് ബ്രിട്ടീഷുകാരുടെ ആത്മാഭിമാനത്തിന്റെ പ്രതീകങ്ങള്‍ തങ്ങളുടെ ഉടമസ്ഥതയിലാക്കിയത്. ചുരുക്കിപ്പറയാം. ഇന്ന് ടാറ്റയുടെ ഉടമസ്ഥതയിലാണ് ജാഗ്വര്‍-ലാന്‍ഡ് റോവര്‍ എന്ന ജെഎല്‍ആര്‍ കമ്പനി.
 flagship മോഡല്‍ എന്നു വേണമെങ്കില്‍ പേരിടാം റേഞ്ച് റോവറിനെ. രണ്ടര കോടി വരെ വിലയുള്ള റേഞ്ച് റോവറിന്റെ അല്‍പം വലിപ്പം കുറഞ്ഞ മോഡലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട്. 
ജെഎല്‍ആറിന്റെ
 സ്‌പോര്‍ട്ടിന്റെ 2014 മോഡല്‍ കഴിഞ്ഞ ആഴ്ച മുഖം മിനുക്കി വിപണിയിലെത്തി. കാഴ്ചയില്‍ വലിയ വ്യത്യാസമില്ലെങ്കിലും പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ പ്രധാന ഭാഗങ്ങളിലെല്ലാം വലിയ മാറ്റം വരുത്തിയിട്ടുണ്ട് സ്‌പോര്‍ടില്‍.
 വലിയ റേഞ്ച് റോവറിന്റെ അതേ പ്ലാറ്റുഫോമിലാണ് പുതിയ സ്‌പോര്‍ട്ട് നിര്‍മ്മിച്ചിട്ടുള്ളത്. പഴയ സ്‌പോര്‍ട്ട് അല്‍പം കൂടി വലിപ്പം കുറഞ്ഞ ഡിസ്‌കവറിയുടെ പ്ലാറ്റുഫോമിലാണ് നിര്‍മ്മിച്ചിരുന്നത്. ഇപ്പോളാകട്ടെ അതിനേക്കാള്‍ അല്‍പം കൂടി വലിപ്പം കൂടിയെങ്കിലും ബോഡി പൂര്‍ണ്ണമായും മേല്‍ത്തരം അലുമിനിയത്തില്‍ നിര്‍മ്മിച്ചതിനാല്‍ ഭാരം ഗണ്യമായി കുറഞ്ഞു. 420 കിലോയോളമാണ് ഈ ഇനത്തില്‍ ഒറ്റയടിക്കു കുറഞ്ഞത്. ഇക്കാരണത്താല്‍ തന്നെ റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിന്റെ എഞ്ചില്‍ പെര്‍ഫോമന്‍സും ഓഫ്‌റോഡ് സാദ്ധ്യതകളും കൂടുതല്‍ മികച്ച നിലവാരത്തിലേക്കെത്തുകയും ചെയ്തു.
 പുറത്തു നിന്നു നോക്കുമ്പോല്‍ വാഹനത്തിന് ഒരു മാറ്റവുമില്ലെന്ന് തോന്നാം. ഗാംഭീര്യം തുടിച്ചു നില്‍ക്കുന്ന ചതുര വടിവാണ് റേഞ്ച് റോവറുകളുടേത്. കാഴ്ചയില്‍ സുരസുന്ദരി എന്നൊന്നും പറയാനാവില്ല. ഈ വിഭാഗത്തിലെ വാഹനങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് റേഞ്ച് റോവര്‍ സ്‌പോര്‍ട് ആണെന്ന് പറയാം.
 ഇന്റീരിയറിലേക്ക് കടക്കുമ്പോള്‍.....

 ഉള്‍ഭാഗം പാടെ മാറിയിട്ടുണ്ട് സ്‌പോര്‍ട്ട് 2014 ല്‍. ഒരുവര്‍ഷം മുമ്പ് വിപണിയിലെത്തിയ ഇവോക്ക് എന്ന മോഡലിന്റെ ഉള്‍ഭാഗവുമായി വേണമെങ്കില്‍ സാമ്യം പറയാം. വാഹനവുമായി ബന്ധപ്പെട്ട  എല്ലാ കാര്യങ്ങളും ഒറ്റയ്‌ക്കൊരു സ്‌ക്രീനില്‍ ഒതുങ്ങിയിരിക്കുന്നു. വാഹനത്തിന്റെ പല ഭാഗങ്ങളിലുമായി പല ക്യാമറകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ഓഫ് റോഡിംഗും പാര്‍ക്കിംഗും വളരെ എളുപ്പമാണ്. നാലു ചുറ്റും നടക്കുന്ന കാര്യങ്ങള്‍ വണ്ടിക്കുള്ളിലെ സ്‌ക്രീനില്‍ തെളിയും.
 അത്യാഡംബര വിഭാഗത്തില്‍ പെടുന്ന ഈ സ്‌പോര്‍ടി വാഹനം മലമടക്കുകളെയും മണല്‍പരപ്പുകളെയും ഒരേ പോലെ കീഴടക്കാന്‍ കഴിയുന്ന തരത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

 രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് സ്‌പോര്‍ടിനുള്ളത്. 3 ലിറ്ററിന്റെ ഡീസല്‍ വെര്‍ഷനും 5 ലിറ്ററിന്റെ പെട്രോള്‍ വെര്‍ഷനും. ഡീസല്‍ ഓപ്ഷന്‍ 288 ബിഎച്ച്പിയും പെട്രോള്‍ ഓപ്ഷന്‍ 503 ബിഎച്ച്പിയുമാണ്. അസാമാന്യമായ ഓഫ്‌റോഡ് നിപുണതയ്‌ക്കൊപ്പം കരുത്തുറ്റ എഞ്ചിനും ചേരുമ്പോള്‍ ചെങ്കുത്തായ മലകളും മറ്റു ദുര്‍ഗ്ഗങ്ങളും റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് 2014ന് പുല്ലാകുന്നു. ടെറെയ്ന്‍ റെസ്‌പോണ്‍സ് സിസ്റ്റവും വലുപ്പമേറിയ വീല്‍ ആര്‍ച്ചുകളുമെല്ലാം ഓഫ്‌റോഡിംഗിനെ കൂടുതല്‍ എളുപ്പമാക്കുന്നുണ്ട്.

നാലു വേരിയന്റുകളാണ് സ്‌പോര്‍ട്ടിനുള്ളത്. എസ്, എച്ച്എസ്, എസ്ഇ, ഓട്ടോ ബയോഗ്രഫി എന്നിവയാണ് വേരിയന്റുകള്‍. എസിന് 1.10 കോടി രൂപയാണ് വില. 5.3 ബിഎച്ച്പി കരുത്തുള്ള പെട്രോള്‍ വേരിയന്റായ ഓട്ടോബയോഗ്രഫിക്ക് 1.65 കോടി രൂപയാണ് വില. ഗള്‍ഫിലും മറ്റുമുള്ള കോടീശ്വരന്മാരായ അറബികളുടെ ഇഷ്ട വാഹനമായി റേഞ്ച് റോവര്‍ സ്‌പോര്‍ട്ടിനെ മാറ്റിയത് ഈ സൂപ്പര്‍ ചാര്‍ജ്ജ്ഡ് പെട്രോള്‍ വേരിയന്റ് എഞ്ചിനാണ്.